This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ട്രിനിഡാഡും ടോബാഗോയും

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഉള്ളടക്കം

ട്രിനിഡാഡും ടോബാഗോയും

Trinidad and Tobago

വെസ്റ്റിന്‍ഡീസിലെ ഒരു സ്വതന്ത്ര രാജ്യം. ട്രിനിഡാഡ്, ടോബാഗോ എന്നീ രണ്ടു ദ്വീപുകള്‍ ഉള്‍പ്പെടുന്നതാണ് ഈ രാജ്യം. വെനിസ്വേലയുടെ വ. കി. തീരത്തുനിന്നും 12 കി.മീ അകലെ കരീബിയന്‍ കടലിലാണ് ട്രിനിഡാഡിന്റെ സ്ഥാനം. ഇതിനും സു. 32 കി.മീ. വ. കിഴക്കായി ടോബാഗോ സ്ഥിതി ചെയ്യുന്നു. 21 ചെറുദ്വീപുകളും ട്രിനിഡാഡ് - ടോബാഗോയില്‍ ഉള്‍പ്പെടുന്നുണ്ട്. ഓറിനോക്കോ (Orinoco) നദീമുഖത്തിനഭിമുഖമായി സ്ഥിതി ചെയ്യുന്ന ഏറ്റവും വലിയ ദ്വീപായ ട്രിനിഡാഡിന് അനുബന്ധ ചെറുദ്വീപുകള്‍ ഉള്‍പ്പെടെ 4,828 ച.കി.മീ വിസ്തീര്‍ണമുണ്ട്. 300 ച.കി.മീ. ആണ് ടോബാഗോയുടെ വിസ്തൃതി.രാജ്യത്തിന്റെ മൊത്ത വിസ്തീര്‍ണം: 51,28 ച.കി.മീ; ജനസംഖ്യ 1259972 (1995) (ട്രിനി ഡാഡ് 1208625, ടോബാഗോ 51347); ജനസാന്ദ്രത: 264/ച.കി.മീ. തലസ്ഥാനം. പോര്‍ട്ട് ഒഫ് സ്പെയിന്‍ (ജനസംഖ്യ 45284 (1995)); നാണയം: ട്രിനിഡാഡ് ആന്റ് ടോബാഗോ ഡോളര്‍.

ഭൂപ്രകൃതി

ഭൂമിശാസ്ത്രപരമായി തെക്കേ അമേരിക്കന്‍ വന്‍കരയുടെ തുടര്‍ച്ചയാണ് ട്രിനിഡാഡ് ദ്വീപ്. പാരിയ (Paria) എന്ന ചെറു ഉള്‍ക്കടലും ഡ്രാഗണ്‍സ് മൗത്, സെര്‍പെന്റ്സ് മൗത് എന്നീ ചാനലുകളും ചേര്‍ന്ന് ദ്വീപിനെ വെനിസ്വേലയില്‍ നിന്നും വേര്‍തിരിക്കുന്നു. വ. നിന്ന് ഡ്രാഗണ്‍സ് മൗത് വഴിയും തെ. നിന്ന് സെര്‍പെന്റ്സ് മൗത് വഴിയും കപ്പലുകള്‍ക്ക് പാരിയ ഉള്‍ക്കടലില്‍ പ്രവേശിക്കാം. രാജ്യത്തിന്റെ മൊത്തം വിസ്തൃതിയുടെ 94 ശതമാനത്തോളം വ്യാപിച്ചുകിടക്കുന്ന ട്രിനിഡാഡ് ദ്വീപിന് ഏകദേശം ദീര്‍ഘചതുരാകൃതിയാണുള്ളത്. ട്രിനിഡാഡ് ദ്വീപിനു കുറുകേ കി. പ. ദിശയില്‍ കടന്നുപോകുന്ന ഉയരം കുറഞ്ഞ മൂന്നു പര്‍വതനിരകളാണ് ദ്വീപ് ഭൂപ്രകൃതിയുടെ മുഖ്യസവിശേഷത. വടക്കന്‍നിരകളിലെ എല്‍ സീറോ ദെല്‍ ആറിപോ (El cerro del Aripo) ആണ് ഏറ്റവും ഉയരം കൂടിയ കൊടുമുടി (940 മീ.). പര്‍വതനിരകളൊഴികെയുള്ള മറ്റു പ്രദേശങ്ങളില്‍ ഏതാണ്ട് നിരപ്പാര്‍ന്ന ഭൂപ്രകൃതിയാണുള്ളത്. സമതലങ്ങളില്‍ ചതുപ്പുപ്രദേശങ്ങളും കാണപ്പെടുന്നു. ഉന്നത തടങ്ങളില്‍ നിന്നും അനേകം നദികള്‍ ഉദ്ഭവിക്കുന്നു. ഭൗമാന്തര്‍ഭാഗത്തെ ഉന്നതമര്‍ദ വായുവിന്റെ ബഹിര്‍ഗമന പ്രക്രിയയാല്‍ രൂപം കൊണ്ടിരിക്കുന്ന പ്രത്യേകതരം 'ചെളിക്കുന്നുകള്‍' ഇവിടത്തെ ഭൂപ്രകൃതിയുടെ പ്രത്യേകതയാണ് ഇവ 'ചെളി അഗ്നിപര്‍വതങ്ങള്‍' (mud volcanoes) എന്ന പേരില്‍ അറിയപ്പെടുന്നു. ദ്വീപിന്റെ പടിഞ്ഞാറന്‍ തീരത്ത് ലാബ്രിയായ്ക്ക് (La Brea) സമീപം സ്ഥിതി ചെയ്യുന്ന പിച്ച് (Pitch) തടാകത്തിന് ഏകദേശം 36 ഹെ. വിസ്തൃതിയുണ്ട്. ട്രിനിഡാഡിലെ ഏറ്റവും നയനമനോഹരമായ ഭൂപ്രദേശമാണിത്. ആസ്ഫാള്‍ട്ടിന്റെ ഒരു പ്രധാന സ്രോതസ്സാണ് ഈ തടാകം.

ട്രിനിഡാഡും ടോബോഗോയും

ട്രിനിഡാഡിന് വ.കി. സ്ഥിതി ചെയ്യുന്ന ടോബാഗോയുടെ ഭൂരിഭാഗവും മലമ്പ്രദേശമാണ്.മധ്യപര്‍വതനിരയും മനോഹരമായ കടല്‍ത്തീരവുമാണ് ടോബാഗോ ഭൂപ്രകൃതിയെ സമാകര്‍ഷകമാക്കുന്നത്. 300 ച.കി.മീ വിസ്തീര്‍ണമുള്ള ഈ ദ്വീപില്‍ സു. 576 മീ. ഉയരമുള്ള നിരവധി ഉന്നതതടങ്ങള്‍ കാണാം. ഈ ദ്വീപിന്റെ തെ. പ. തീരത്തിനടുത്ത് സ്ഥിതി ചെയ്യുന്ന ബുക്കൂ റീഫ് (Buccoo reef) ഉഷ്ണമേഖലാ സമുദ്രജീവികളുടെ ഒരു പ്രധാന ആവാസകേന്ദ്രമാണ്.

ട്രിനിഡാഡ്, ടോബാഗോ എന്നീ പ്രധാന ദ്വീപുകള്‍ക്കു പുറമേ നിരവധി ചെറുദ്വീപുകളും ഈ ദ്വീപരാഷ്ട്രത്തില്‍ ഉള്‍പ്പെടുന്നുണ്ട്. ലിറ്റില്‍ ടോബാഗോ ആണ് ഇതില്‍ പ്രധാനം. ഒരു പ്രധാന പക്ഷിസങ്കേതമായ ഈ ചെറുദ്വീപ് ഇവിടത്തെ ഒരു മുഖ്യ വിനോദസഞ്ചാരകേന്ദ്രമായിത്തീര്‍ന്നിരിക്കുന്നു.

കാലാവസ്ഥ.

ചൂടും ഈര്‍പ്പവും ഇടകലര്‍ന്ന ഉഷ്ണമേഖലാ കാലാവസ്ഥയാണ് ട്രിനിഡാഡ് - ടോബാഗോയില്‍ സ്ഥിരമായി അനുഭവപ്പെടുന്നത്. വ.കി.ദിശയില്‍ വീശുന്ന വാണിജ്യവാതങ്ങള്‍ താപനിലയെ ഗണ്യമായി കുറയ്ക്കുന്നു. ജനു. മുതല്‍ ജൂണ്‍ വരെ വരണ്ട കാലാവസ്ഥയും മറ്റു കാലയളവില്‍ ഈര്‍പ്പമുള്ള കാലാവസ്ഥയുമാണ് ഇവിടെ അനുഭവപ്പെടുന്നത്. വര്‍ഷം മുഴുവന്‍ നീണ്ടുനില്‍ക്കുന്ന ഉയര്‍ന്ന താപനിലയാണ് മറ്റൊരു സവിശേഷത. ഋതുക്കള്‍ക്കനുസൃതമായ താപവ്യതിയാനം ഇവിടെ വ്യക്തമായി അനുഭപ്പെടാറില്ല. എന്നാല്‍ ദൈനംദിന വ്യതിയാനം ഗണ്യമാണുതാനും. 330 സെ. ആണ് ഏറ്റവും കൂടിയ താപനില; വാര്‍ഷിക ശ. ശ. 260 സെ.ഉം. ജൂണ്‍-ന. മാസങ്ങളിലാണ് മഴക്കാലം; ശ.ശ. വാര്‍ഷിക വര്‍ഷപാതം 1,270 മി. മീ. പ്രാദേശിക വ്യതിയാനങ്ങള്‍ക്കനുസൃതമായി വര്‍ഷപാതത്തിന്റെ തോത് വ്യത്യാസപ്പെടുന്നു. മഴക്കാലത്ത് മിക്കപ്പോഴും ഹറിക്കേനുകള്‍ ഉണ്ടാകാറുണ്ട്.

സസ്യ- ജന്തുജാലം.

മറ്റു വെസ്റ്റിന്ത്യന്‍ ദ്വീപുകളെ അപേക്ഷിച്ച് തികച്ചും വ്യത്യസ്തമാണ് ട്രിനിഡാഡ്-ടോബോഗോയിലെ ജൈവ വൈവിധ്യം. ഉഷ്ണമേഖലാ മഴക്കാടുകളും വര്‍ണ-പുഷ്പ സസ്യങ്ങളും ഇവിടത്തെ സസ്യസമ്പത്തിന്റെ പ്രത്യേകതയാകുന്നു. ചകോണിയ (chaconia)ആണ് ദേശീയപുഷ്പം. ജന്തുജാലങ്ങളില്‍ വിവിധയിനം വാവലുകള്‍, അണ്ണാന്‍, എലി, പന്നിയുമായി സാമ്യമുള്ള പികാരി, അര്‍മഡില്ലോ (Armadillo), കൈമാന്‍(Caiman), വിവിധയിനം പാമ്പുകള്‍, പക്ഷികള്‍ തുടങ്ങിയവ ഉള്‍പ്പെടുന്നു. പശ്ചിമതീരത്തെ ചതുപ്പു നിലത്തിലുള്ള കാരോനി(Caroni) പക്ഷി സങ്കേതം സ്കാര്‍ലറ്റ് ഐബിസ് (scarlet ibis) എന്നും ഫ്ളാമന്റ് (Flament) എന്നും വിളിക്കുന്ന ദേശീയ പക്ഷിയുടെ പ്രധാന ആവാസകേന്ദ്രമാണ്.

ജനങ്ങളും ജീവിതരീതിയും

ജനസംഖ്യയുടെ 94 ശ.മാ.ട്രിനിഡാഡിലും 4 ശ.മാ. ടോബോഗോയിലും 2 ശ.മാ. മറ്റു ദ്വീപുകളിലും നിവസിക്കുന്നു. 1990-ലെ സെന്‍സസ്പ്രകാരം ജനങ്ങളില്‍ 39.6 ശ. മാ, ആഫ്രിക്കന്‍ വംശജരും 40.3 ശ.മാ. ഈസ്റ്റ് ഇന്ത്യരും 18.4 ശ.മാ. സങ്കരവിഭാഗവും 1.6 ശ.മാ. യൂറോപ്യരും, ചൈനക്കാരും, മറ്റു വിഭാഗങ്ങളുമാകുന്നു. ഇംഗ്ലീഷാണ് ഔദ്യോഗികഭാഷ. നിരവധി ഭാഷാഭേദങ്ങള്‍ പ്രാബല്യത്തിലുണ്ടെങ്കിലും ജനങ്ങളുടെ പ്രധാന വ്യവഹാര ഭാഷയും ഇംഗ്ലീഷുതന്നെ. ഫ്രഞ്ചിന്റെയും സ്പാനിഷിന്റെയും സ്വാധീനമുള്ള ട്രിനിഡാഡ് ഇംഗ്ലീഷും പ്രാബല്യത്തിലുണ്ട്.

പോര്‍ട്ട് ഓഫ് സ്പെയിന്‍ നഗരം

ജനങ്ങളില്‍ ഭൂരിഭാഗവും ക്രിസ്തുമത വിശ്വാസികളാണ്. 1998-ലെ കണക്കനുസരിച്ച് ജനസംഖ്യയില്‍ 14.4 ശ.മാ. ആംഗ്ലിക്കന്‍ വിശ്വാസികളും 32.2 ശ.മാ. റോമന്‍ കത്തോലിക്കരും 24.3 ശ. മാ. ഹിന്ദുക്കളും 6 ശ.മാ. മുസ്ലിങ്ങളുമാകുന്നു. ഷാങ്ഗോ (Shango) എന്നറിയപ്പെടുന്ന ജഢാത്മവാദികള്‍, പെന്തകോസ്ത്- യഹോവസാക്ഷി വിശ്വാസികള്‍ തുടങ്ങിയവരാണ് പ്രധാന ന്യൂനപക്ഷങ്ങള്‍.

ഈസ്റ്റിന്ത്യര്‍ മാത്രം വസിക്കുന്ന ചില ഗ്രാമങ്ങള്‍ ട്രിനിഡാഡിലുണ്ട്. ഇവരില്‍ ഭൂരിഭാഗവും ഹിന്ദുക്കളാണ്. ചുരുക്കം ചില മുസ്ലിങ്ങളെയും ഇവിടെ കാണാം. ട്രിനിഡാഡ് - ടോബാഗോ പ്രദേശങ്ങളിലെ വെള്ളക്കാരില്‍ ഏറിയ പങ്കും സ്പാനിഷ്, ഫ്രഞ്ച് വംശജരുടെ പിന്‍ഗാമികളാണ്. ഇംഗ്ലീഷ്, പോര്‍ത്തുഗീസ് ജനവിഭാഗങ്ങളെയും ഇവിടെ കാണാം.

ജനങ്ങളില്‍ ഭൂരിഭാഗവും തലസ്ഥാനമായ പോര്‍ട്ട് ഒഫ് സ്പെയിനിലും ചുറ്റുമുള്ള മെട്രോപൊലിറ്റന്‍ പ്രദേശത്തുമാണ് വസിക്കുന്നത്. സാന്‍ ഫെര്‍ണാന്‍ഡോ (San Fernando)ആണ് രണ്ടാമത്തെ വലിയ നഗരം. ടോബാഗോയിലെ മുഖ്യനഗരമാണ് സ്കാര്‍ബറോ. 1995-ലെ സെന്‍സസ് അനുസരിച്ച് പോര്‍ട്ട് ഒഫ് സ്പെയിനില്‍ 45,284-ഉം, സാന്‍ ഫെര്‍ണാന്‍ഡോയില്‍ 55432-ഉം അറീമാ (Arima)യില്‍ 25328-ഉം, പോയിന്റ് ഫോര്‍ടിനില്‍ (Point Fortin) 20084-ഉം ജനസംഖ്യയുണ്ട്.

ആസ്ഫാള്‍ട്ടിന്റെ മുഖ്യ സ്രോതസ്സായ പിച്ച് തടാകം

ട്രിനിഡാഡിലും ടോബാഗോയിലും സെക്കന്‍ഡറിതലം വരെ വിദ്യാഭ്യാസം സൗജന്യമാണ്. ഭരണഘടന 6-12 വയസ്സുവരെ പ്രായമുള്ള കുട്ടികള്‍ക്ക് നിര്‍ബന്ധിത വിദ്യാഭ്യാസം അനുശാസിക്കുന്നു. ട്രിനിഡാഡിലെ സെന്റ് അഗസ്റ്റിനില്‍ വെസ്റ്റിന്‍ഡീസ് സര്‍വകലാശാലയുടെ ഒരു കാമ്പസ് പ്രവര്‍ത്തിക്കുന്നു. രാജ്യത്തെ പ്രധാന ഉന്നത വിദ്യഭ്യാസകേന്ദ്രവും ഇതുതന്നെ. പോര്‍ട്ട് ഒഫ് സ്പെയിന്‍, സെന്‍ടെനൊ, സാന്‍ ഫെര്‍നാന്‍ഡോ എന്നിവിടങ്ങളില്‍ ഓരോ സാങ്കേതിക വിദ്യാഭ്യാസ കേന്ദ്രവും പ്രവര്‍ത്തിക്കുന്നുണ്ട്. 1998-ല്‍ ഇവിടെത്തെ സാക്ഷരതാ നിരക്ക് 93.4 ആയിരുന്നു.

20-ാം ശ. -ത്തിലെ പ്രശസ്ത സാഹിത്യകാരന്മാരായ സി. എല്‍. ആര്‍.ജെയിംസ്, ആല്‍ഫ്രഡ് എച്ച്.മെന്‍ഡസ്, സാമുവല്‍ സെല്‍വന്‍, വി.എസ്. നയ്പോള്‍ എന്നിവരുടെ ജന്മദേശം ട്രിനിഡാഡ് - ടോബാഗോയാണ്. പ്രശസ്ത കവിയും നാടകകൃത്തുമായ ഡെറിക് വാല്‍കോട്ട് ട്രിനിഡാഡില്‍ വാസമുറപ്പിച്ചിരുന്നു. 1959-ല്‍ ഇദ്ദേഹം ഇവിടെ ട്രിനിഡാഡ് തിയെറ്റര്‍ വര്‍ക്ക്ഷോപ്പ് സ്ഥാപിച്ചു. ട്രിനിഡാഡിനെയും ടോബാഗോയേയും സ്വാന്ത്ര്യത്തിലേക്കു നയിച്ച്, ആദ്യമായി പ്രധാനമന്ത്രി പദത്തിലെത്തിയ എറിക് വില്യംസ് ഒരു പ്രശസ്ത ചരിത്രകാരനായിരുന്നു.

മൂന്ന് ഹൈക്കോടതികളും 12 മജിസ്ട്രേറ്റ് കോടതികളും ഉള്‍പ്പെടുന്നതാണ് ട്രിനിഡാഡ് - ടോബാഗോയുടെ നീതിന്യായ വ്യവസ്ഥ. മരണശിക്ഷ ഇവിടെ അംഗീകൃതമാണ്.

സമ്പദ്ഘടന

പെട്രോളിയമാണ് രാജ്യത്തെ പ്രധാന ധാതുവിഭവം. സമ്പദ്ഘടനയെ നിയന്ത്രിക്കുന്ന മുഖ്യഘടകവും പെട്രോളിയം തന്നെ. പ്രകൃതി വാതകവും നൈസര്‍ഗിക ആസ്ഫാള്‍ട്ടും (asphalt) പ്രധാനമാണ്. എണ്ണ ശുദ്ധീകരണശാലകള്‍, രാജ്യത്തുത്പാദിപ്പിക്കപ്പെടുന്ന അസംസ്കൃത എണ്ണ കൂടാതെ, സൗദി അറേബ്യ, വെനിസ്വേല, കൊളംബിയ എന്നിവിടങ്ങളില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന അസംസ്കൃത എണ്ണയെയും ആശ്രയിക്കുന്നുണ്ട്. ശുദ്ധീകരിച്ച പെട്രോളിയം ഉത്പന്നങ്ങളില്‍ ഭൂരിഭാഗവും യു.എസ്., പശ്ചിമ യൂറോപ്യന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നു. ട്രിനിഡാഡില്‍ ഉത്പ്പാദിപ്പിക്കുന്ന പ്രകൃതിവാതകം ഇവിടത്തെ ആഭ്യന്തര ഉപയോഗത്തിനു വിനിയോഗിക്കുന്നു. ലാ ബ്രിയ (La Brea) യ്ക്കടുത്തുള്ള പിച്ച് തടാകം (Pitch lake) ലോകത്തിലെ പ്രധാന നൈസര്‍ഗിക അസ്ഫാള്‍ട്ട് ഉല്‍പാദക കേന്ദ്രങ്ങളില്‍ ഒന്നാണ്.

ട്രിനിഡാഡിലെ ഒരു എണ്ണ ടെര്‍മിനല്‍

ടോബാഗോയില്‍ മാത്രമേ കൃഷി കാര്യമായി വികസിച്ചിട്ടുള്ളൂ. ഭൂരിഭാഗം ജനങ്ങളും കൃഷിയില്‍ വ്യാപൃതരാണെങ്കിലും സമ്പദ്ഘടനയില്‍ പെട്രോളിയം വ്യവസായത്തിനുള്ള സ്ഥാനം നേടാന്‍ കൊക്കോ കൃഷിക്കു കഴിഞ്ഞിട്ടില്ല. കരിമ്പ്, കൊക്കോ, നാരക ഫലങ്ങള്‍, കാപ്പി എന്നിവ പ്രധാന കയറ്റുമതി വിളകളില്‍ ഉള്‍പ്പെടുന്നു. ഗാര്‍ഹികോപയോഗത്തിനായി ഉത്പ്പാദിപ്പിക്കപ്പെടുന്ന പ്രധാന വിളകളില്‍ വാഴപ്പഴം, നാളികേരം, പുകയില എന്നിവ ഉള്‍പ്പെടും. പന്നി-കോഴി വളര്‍ത്തല്‍, പച്ചക്കറിയുത്പാദനം, നെല്ലുത്പാദനം എന്നിവയും പ്രധാനം തന്നെ.

പെട്രോളിയം ശുദ്ധീകരണം, ചെറു പെട്രോകെമിക്കല്‍ പ്ലാന്റുകള്‍, വളം നിര്‍മാണം എന്നിവയാണ് ട്രിനിഡാഡ് -ടോബാഗോയിലെ മുഖ്യ വ്യവസായങ്ങള്‍. ഇരുമ്പുരുക്ക് ഉത്പാദനം, വാഹനഭാഗങ്ങളുടെ സംയോജനം തുടങ്ങിയവയും പ്രധാന വ്യവസായങ്ങള്‍ തന്നെ. രണ്ടാം ലോകയുദ്ധത്തിനുശേഷം വിനോദസഞ്ചാരം നിര്‍ണായക പുരോഗതി നേടിയിട്ടുണ്ട്. പോര്‍ട്ട് ഒഫ് സ്പെയിനിലേയും [പിയാര്‍കൊ' (Piarco)] ടോബാഗോയിലേയും (ക്രൌണ്‍ പോയിന്റ്)'അന്താരാഷ്ട്ര വിമാനത്താവളങ്ങളും മറ്റു ഗതാഗത സൗകര്യങ്ങളും വിനോദസഞ്ചാര വികസനത്തിന് വഴിയൊരുക്കുന്നു. കാര്‍ഷികോപകരണങ്ങള്‍, ടി.വി.സെറ്റുകള്‍, തുണിത്തരങ്ങള്‍, പാനീയങ്ങള്‍ തുടങ്ങിയവയുടെ നിര്‍മാണമാണ് ഇവിടത്തെ മുഖ്യചെറുകിട വ്യവസായങ്ങള്‍.

പോയിന്റ് ലിസാസ്, പോര്‍ട്ട് ഒഫ് സ്പെയിന്‍, സ്കാര്‍ബറോ (ടോബാഗോ) എന്നിവയാണ് ഇവിടത്തെ പ്രധാന തുറമുഖങ്ങള്‍. സാന്‍ ഫെര്‍ണാന്‍ഡോ, ലാബ്രിയ, പോയിന്റ് - പിയാറി എന്നിവിടങ്ങളില്‍ കാര്‍ഗോ തുറമുഖങ്ങള്‍ പ്രവര്‍ത്തിക്കുന്നു. റോഡുകളുടെ മൊത്തം ദൈര്‍ഘ്യം 8320 കി.മീ. (1996)ആണ്.

ഭരണകൂടം

പ്രധാനമന്ത്രിയുടെ കാര്യാലയം

1976 -ലെ ഭരണഘടനയനുസരിച്ച് പാര്‍ലമെന്ററി ജനാധിപത്യ സംവിധാനമുള്ള രാജ്യമാണ് ട്രിനിഡാഡും ടൊബാഗോയും. പാര്‍ലമെന്റിന് രണ്ടു മണ്ഡലങ്ങളാണുള്ളത്; ഹൗസ് ഒഫ് റെപ്രസെന്റേറ്റീവ്സും സെനറ്റും. 36 അംഗങ്ങളുള്ള ഹൗസ് ഒഫ് റെപ്രസെന്റേറ്റീവ്സ് ആണ് രണ്ടു മണ്ഡലങ്ങളില്‍ വച്ച് പ്രധാനമായുള്ളത്. ഇതിലെ അംഗങ്ങള്‍ തെരഞ്ഞെടുക്കപ്പെടുന്നവരാണ്. സെനറ്റില്‍ 31 അംഗങ്ങളുണ്ട്; എല്ലാവരേയും പ്രസിഡന്റ് നിയമിക്കുകയാണു ചെയ്യുന്നത്. പ്രസിഡന്റാണ് രാജ്യത്തലവന്‍. പാര്‍ലമെന്റിലെ രണ്ടു മണ്ഡലങ്ങളും ചേര്‍ന്ന് പ്രസിഡന്റിനെ തെരഞ്ഞെടുക്കുന്നു. ഭരണനടത്തിപ്പിനായി പ്രധാനമന്ത്രി തലവനായുള്ള മന്ത്രിസഭയുണ്ട്. ഭൂരിപക്ഷപാര്‍ട്ടിയുടെ നേതാവിനെയാണ് പ്രധാനമന്ത്രിയാക്കുന്നത്. പാര്‍ലമെന്റിനോടുത്തരവാദിത്വമുള്ളതാണ് മന്ത്രിസഭ.

ചരിത്രം

യൂറോപ്യന്‍ നാവിക പര്യവേക്ഷകനായ ക്രിസ്റ്റഫര്‍ കൊളംബസ് തന്റെ മൂന്നാമത്തെ പര്യവേക്ഷണയാത്രയില്‍ 1498 ജൂല. 31-ന് ട്രിനിഡാഡിലെത്തി. കൊളംബസ് ഈ പ്രദേശത്തെ സ്പെയിനിന്റെ രാജ്യഭാഗമാക്കി മാറ്റി. എങ്കിലും സ്പെയിന്‍കാരുടെ സജീവസാന്നിധ്യം ഒരു ഹ്രസ്വകാലം മാത്രമേ നിലനിന്നുള്ളൂ. സ്പെയിന്‍കാര്‍ ട്രിനിഡാഡിന്റെ ഭരണ നിര്‍വഹണത്തിനായി ഒരു ഗവര്‍ണറെ നിയമിച്ചിരുന്നു. 17-ാം ശ. -ത്തില്‍ ഡച്ചുകാരും (1640- ലും, 77-ലും) ഫ്രഞ്ചുകാരും (1690) ട്രിനിഡാഡില്‍ ആക്രമണം നടത്തി. സ്പെയിന്‍കാര്‍ 1783-ല്‍ ട്രിനിഡാഡില്‍ വിദേശ കുടിയേറ്റത്തിന് അനുമതി നല്‍കി. ഇതോടെ ഫ്രാന്‍സ്, ഹെയ്തി, വെസ്റ്റ് ഇന്‍ഡീസിലെ മറ്റു ദ്വീപുകള്‍ എന്നിവിടങ്ങളില്‍ നിന്നും ധാരാളം കുടിയേറ്റക്കാരെത്തി. 1797 ഫെ.-ല്‍ ട്രിനിഡാഡ് ബ്രിട്ടിഷ് സേനയ്ക്കു കീഴടങ്ങി. അമിയന്‍ (Amien) സന്ധിയെത്തുടര്‍ന്ന് 1802-ല്‍ ഈ പ്രദേശം പൂര്‍ണമായും ബ്രിട്ടിഷ് അധീനതയിലായി. ഇവിടെ 1807-ല്‍ അടിമക്കച്ചവടം നിര്‍ത്തല്‍ ചെയ്തു. എങ്കിലും 1833- ഓടെ മാത്രമേ അടിമസമ്പ്രദായം പൂര്‍ണമായും അവസാനിപ്പിക്കാന്‍ സാധിച്ചുള്ളൂ. ഇതോടെ പ്ലാന്റേഷനുകളിലെ ജോലികള്‍ക്കായി 1845-നും 1917-നും ഇടയ്ക്ക് ഒന്നര ലക്ഷത്തോളം തൊഴിലാളികളെ ബ്രിട്ടിഷുകാര്‍ ട്രിനിഡാഡിലെത്തിച്ചു.

ഒരു കടല്‍ തീരം

ടോബാഗോയിലും 1498-ല്‍ കൊളംബസ് എത്തിച്ചേര്‍ന്നിരുന്നു. തുടര്‍ന്നുള്ള നൂറ്റാണ്ടുകളില്‍ ബ്രിട്ടിഷുകാരും ഡച്ചുകാരും ഫ്രഞ്ചുകാരും ഈ ഭൂഭാഗം കൈവശം വച്ചിരുന്നു. അമിയന്‍ സന്ധിപ്രകാരം ടോബാഗോ ഫ്രഞ്ചുകാര്‍ക്കു സ്വന്തമായി. ഈ അവസ്ഥ 1814 വരെ നിലനിന്നു. തുടര്‍ന്ന് ഫ്രഞ്ച് അധീനതയില്‍ നിന്നും ടോബാഗോ ബ്രിട്ടിഷ് മേധാവിത്വത്തിന്‍ കീഴിലമര്‍ന്നു. അതോടുകൂടി, വിന്‍ഡ്വേഡ് ഐലന്റ് കോളനിയുടെ ഭാഗമായിരുന്ന ടോബാഗോയെ 1889-ല്‍ ട്രിനിഡാഡിനോടു ചേര്‍ത്ത് ഏക കോളനിയാക്കി മാറ്റി. കാലക്രമേണ ട്രിനിഡാഡിലും ടോബാഗോയിലും പ്രാതിനിധ്യ ഗവണ്‍മെന്റ് നിലവില്‍ വന്നുതുടങ്ങി. 1937-ല്‍ തൊഴിലാളികള്‍ നടത്തിയ പണിമുടക്കിനെത്തുടര്‍ന്ന് ഇവിടത്തെ ജനങ്ങളുടെ സാമൂഹിക-സാമ്പത്തിക സ്ഥിതിഗതികളെക്കുറിച്ചു പഠനം നടത്താന്‍ നിയോഗിക്കപ്പെട്ട ഒരു കമ്മിഷന്‍ സാമ്പത്തിക പരിഷ്ക്കാരങ്ങളോടൊപ്പം ഭരണഘടനാപരമായ പരിഷ്ക്കാരങ്ങളും നിര്‍ദേശിക്കുകയുണ്ടായി. ഇതനുസരിച്ച് തെരഞ്ഞെടുക്കപ്പെടുന്ന അംഗങ്ങള്‍ക്ക് ഭൂരിപക്ഷമുള്ള നിയമസഭ 1950-ല്‍ നിലവില്‍ വന്നു. എങ്കിലും ആഭ്യന്തരമായ സ്വയംഭരണ സ്വാതന്ത്ര്യമുള്ള ഗവണ്‍മെന്റ് 1961-ല്‍ മാത്രമാണ് അധികാരത്തിലെത്തിയത്. ട്രിനിഡാഡും ടോബാഗോയും 1958 ഏ. 22 മുതല്‍ വെസ്റ്റ് ഇന്‍ഡീസ് ഫെഡറേഷന്റെ ഭാഗമായിരുന്നു. ഫെഡറേഷനില്‍ നിന്നും പിന്മാറാന്‍ 1962 ജനു. -ല്‍ തീരുമാനമായി. മേയ് 31-ന് ഫെഡറേഷന്‍ ഇല്ലാതാവുകയും ചെയ്തു. 1962 ആഗ. 31-ന് ട്രിനിഡാഡും ടോബാഗോയും സ്വാതന്ത്ര്യം പ്രാപിച്ച് കോമണ്‍വെല്‍ത്തിലെ അംഗരാജ്യമായിത്തീര്‍ന്നു. ഓര്‍ഗനൈസേഷന്‍ ഒഫ് അമേരിക്കന്‍ സ്റ്റേറ്റ്സ് എന്ന രാജ്യങ്ങളുടെ സംഘടനയില്‍ 1967-ല്‍ ട്രിനിഡാഡും ടോബാഗോയും ചേരുകയുണ്ടായി. സ്വതന്ത്രമായതു മുതല്‍ 1968 വരെ പീപ്പിള്‍സ് നാഷണല്‍ മൂവ്മെന്റ് (PNM) എന്ന രാഷ്ട്രീയപ്പാര്‍ട്ടിയായിരുന്നു ഇവിടെ അധികാരത്തിലിരുന്നത്. ഇതിന്റെ നേതാവായ എറിക് വില്യംസ് (1911-81) 1962 മുതല്‍ 81 വരെ പ്രധാനമന്ത്രിയായിരുന്നു. 1970-കളുടെ തുടക്കത്തില്‍ സാമൂഹികവും സാമ്പത്തികവുമായ തകര്‍ച്ച ട്രിനിഡാഡിനേയും ടോബാഗോയേയും ബാധിച്ചു. സൈന്യത്തിലെ ഒരു വിഭാഗം നടത്തിയ കലാപം ആഭ്യന്തര അവസ്ഥ വഷളാക്കി. ഇതോടെ രാജ്യത്ത് അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു. ഇത് 1972 ജൂണ്‍ വരെ നിലനിന്നു.

1973-ല്‍ എണ്ണവില ഉയര്‍ന്നത് രാജ്യത്തിന്റെ സാമ്പത്തികാഭിവൃദ്ധിക്ക് സഹായകമായി. 1976 ആഗ. -ല്‍ രാജ്യം ഒരു റിപ്പബ്ലിക് ആവുകയും പുതിയ ഭരണഘടന നിലവില്‍ വരുകയും ചെയ്തു.1980-ല്‍ ഇവിടെ ആഭ്യന്തര കലാപമുണ്ടായി. 1986-ലെ തെരഞ്ഞെടുപ്പില്‍ നാഷണല്‍ അലയന്‍സ് ഫോര്‍ റി കണ്‍സ്ട്രക്ഷന്‍ എന്ന കക്ഷി ഭൂരിപക്ഷം നേടുകയും ആ കക്ഷിയുടെ നേതാവായ എ. എന്‍. ആര്‍. റോബിന്‍സണ്‍ പ്രധാനമന്ത്രിയാവുകയും ചെയ്തു. പക്ഷേ 1991-ലെ തെരഞ്ഞെടുപ്പില്‍ PNM ആണ് ഭൂരിപക്ഷം നേടിയത്. 1995-ലെ തെരഞ്ഞെടുപ്പിനെ തുടര്‍ന്ന് യുണൈറ്റഡ് നാഷണല്‍ കോണ്‍ഗ്രസ്, നാഷണല്‍ അലയന്‍സ് ഫോര്‍ റീകണ്‍സ്ട്രക്ഷന്‍ എന്നീ പാര്‍ട്ടികള്‍ ചേര്‍ന്ന കൂട്ടുകക്ഷി ഗവണ്‍മെന്റ് ഭരണം നടത്തിവരുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍